Wednesday, April 25, 2012

റിസള്‍ട്ട്

നാളെയാണു എന്റെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ റിസള്‍ട്ട് അറിയുന്നത്. പ്രതീക്ഷിച്ച വിജയം കിട്ടിയില്ലെങ്കില്‍ ഞാന്‍ ആവശ്യമായതു ഒരുക്കി വെച്ചിട്ടുണ്ട്.


ഉമ്മിക്കു പ്രഷറിനുള്ള ഗുളീക.
പപ്പാക്കു എന്നെ അടിക്കാനുള്ള ചൂരല്‍.
ശാബുവിനു നാടൊട്ടുക്കു ചെണ്ട കൊട്ടാനുള്ള മെഗാഫോണ്‍.

Saturday, July 4, 2009

രാജി

എന്റെ വികൃതി മാറ്റാനാണു എന്നെ മാത്രം വേറെ സ്കൂളിലേക്കു മാറ്റിച്ചേര്‍ത്തതെന്നാണൂ ശാബുവിനോടു ഉമ്മി കള്ളം പറയുന്നത്‌.
പഴയ സ്കൂള്‍ സ്വകാര്യ മാനേജ്മെന്റായതിനാല്‍ അവിടെ ഫീസു വളരെ കൂടുതലാണ്‌. എന്നാലോ ചിട്ട തീരെയൊട്ടില്ലതാനും അതാണു സത്യം.
പുതിയ സ്കൂള്‍ വളരെ ഉഷാറാണ്‌. സര്‍ക്കാര്‍ ഇംഗ്ലീഷ്‌ മീഡിയമാണ്‌. കഴിഞ്ഞകൊല്ലം എസ്‌.എസ്‌.എല്‍. സിയുടെ ആദ്യ ബാച്ചിന്റെ റിസള്‍ട്ട്‌ വന്നത്‌. 90% എല്ലാവിഷയത്തിലും എ.പ്ലസ്‌ ആയിരുന്നു.

(എന്റെ ക്ലാസ്‌ ഗേള്‍സ്‌ ഓണ്‍ലിയാണ്‌. ക്ലാസ്‌ ടീച്ചര്‍ വളരെ സ്ട്രിക്‍ടും ആണ്‌. ഞങ്ങള്‍ ചെന്നയുടനെ കുറച്ചു നേരം കലപിലകൂട്ടും, ടീച്ചര്‍ വരുന്നതു വരെ!)
.
ആദ്യ ദിവസം എന്റെ ഒച്ചയാണോ ടീച്ചര്‍ ആദ്യം ഉച്ചത്തില്‍ കേട്ടതെന്നാണു എനിക്കു സംശയം. അതോണ്ടാവും എന്നെ prefect ആക്കിയത്‌.
ക്ലാസില്‍ കലപിലയുണ്ടാക്കാന്‍ പിന്നെ എല്ലാര്‍ക്കും പേടിയായി, എനിക്കും.(ആരെങ്കിലും പരാതിപ്പെട്ടല്‍ കൂടുതല്‍ ശിക്ഷ എനിക്കായിരിക്കും).

ക്ലാസു മോണിറ്ററായിട്ടു തന്നെ കുടുങ്ങി. ഇനി തിങ്കളാഴ്ച്ച മുതല്‍ സ്കൂള്‍ അസംബ്ലിക്കു ലീഡറായി മുന്നില്‍ നില്‍ക്കേണ്ടതും ഞാന്‍ തന്നെയാണത്രേ!
താല്‍ക്കാലികമായിട്ടാണ്‌.
പക്ഷെ ടീച്ചേര്‍സിനു ബോധ്യം വന്നാല്‍ സ്ഥിരമാക്കുമെത്രേ!
പേടിയുണ്ടായിട്ടൊന്നുമല്ല.
ഞാന്‍ എട്ടാം ക്ലാസ്സിലല്ലേ! പത്താം ക്ലാസ്സിലെ കുട്ടികളുടെ മുന്നില്‍ നിന്നു
"അറ്റേന്‍ഷന്‍"
"സ്റ്റാന്‍ഡറ്റീസ്‌"
എന്നു പറയാന്‍ ഒരു ചെറിയ പേടി.
പോരാത്തതിനു ഉമ്മിയുടെ ഒരു അനുഭവം പറഞ്ഞു എന്നെ ഒരു പേടിപ്പിക്കലും!.
ഉമ്മി പണ്ടു സ്കൂളില്‍ ക്ലാസ്സു ലീഡറായിരുന്നപ്പോള്‍ ക്ലാസ്സു വിട്ടു വാതിലു പൂട്ടി താക്കോല്‍ ഓഫീസില്‍ കൊടുത്തിട്ടേ വീട്ടില്‍ പോകാന്‍ പാടുള്ളു വെന്നായിരുന്നത്രേ നിയമം!
ഉമ്മിയോടു അസൂയയുള്ള രണ്ടു കുട്ടികള്‍ സ്കൂളു വിട്ടു എല്ലാരും പോയിട്ടും പോകാതെ ബെഞ്ചിനടിയില്‍ ഒളിച്ചിരുന്നത്രേ!.
ഉമ്മി അതു കാണാതെ വാതില്‍ പൂട്ടി പോയതിനു ശേഷം അവര്‍ നിലവിളിച്ചു അയല്‍വാസികളെയൊക്കെ കൂട്ടി ജനലു കുത്തിത്തുറന്നാണു പുറത്തു വന്നത്‌.
അന്നു ഉമ്മിക്കു വാണിംഗും ശിക്ഷയും കിട്ടിയതോര്‍ത്താണു ഉമ്മി എന്നോടു ഉടനെ രാജിവെക്കാന്‍ പറയുന്നത്‌.
പക്ഷെ പപ്പയാണു എന്റെ ബലം.
അതുമാത്രമല്ല കൂട്ടുകാര്‍ക്കു ശത്രുത തോന്നുന്ന രീതിയില്‍ ഞാന്‍ അവരോടു പെരുമാറില്ല എന്ന എന്റെ ആത്മവിശ്വാസവും.
എങ്കിലും ഇടക്കിടക്കു ഞാന്‍ മാറി മാറി ചിന്തിക്കും
"രാജി വെക്കണോ? വേണ്ടയോ?.."

Wednesday, May 27, 2009

യാത്രപറയുന്നു.


കൂട്ടുകാര്‍ക്കു വിട!




അടുത്ത കൊല്ലം പുതിയ ക്ലാസ്സിലേക്കു നിങ്ങളെല്ലാം എത്തുമ്പോള്‍ ഞാന്‍ മാത്രം ഉണ്ടാവില്ല.
ഞാന്‍ എന്റെ ഉമ്മിയുടെ വീട്ടിനടുത്തുള്ള ഒരു സ്കൂളിലേക്കു മാറുകയാണ്‌.
എല്ലാവരേയും കണ്ടു യാത്രപറയാന്‍ ഇനി സ്കൂള്‍ തുറന്ന ശേഷം ഒരു ദിവസം ഞാന്‍ വരാം.

യു.എ.ഇ.യില എന്റെ ആദ്യത്തെ സ്കൂളില്‍ എനിക്കു നിങ്ങളെപ്പോലെ ഒരുപാടു കൂട്ടുകാര്‍ ഉണ്ടായിരുന്നില്ല .
അവിടത്തെ എന്റെ വണ്‍ ആന്റ്‌ ബെസ്റ്റ്‌ ഫ്രണ്ട്‌ മാളവികയെക്കുറിച്ചു ഞാന്‍ നിങ്ങളെ പലപ്പോഴും പറഞ്ഞു ബോറടിപ്പിച്ചിട്ടുണ്ട്‌.
എന്റെ ക്ലാസ്സിലെ ഏക മലയാളിക്കുട്ടി അവളായിരുന്നുതിനാലാണു ഞങ്ങള്‍ക്കു കൂടുതല്‍ അടുപ്പമുണ്ടായത്‌.
എന്നെ മലയാളം വാക്കുകള്‍ പറയാന്‍ ഏറെ സഹായിച്ചത്‌ അവളാണ്‌.
അന്നു സ്കൂളില്‍ മലയാളം പറഞ്ഞതിനു ഞങ്ങള്‍ക്കു മിസ്‌ എല്ലായ്പ്പോഴും വാണിംഗ്‌ തന്നിരുന്നു.

യു.എ.ഇ.യില്‍ ജീവിച്ച കാലത്തു അവിടന്നു എനിക്കു കിട്ടിയ സമ്മാനങ്ങളില്‍ അധികവും ടെഡ്ഡിബിയറും മറ്റു സോഫറ്റ്‌ ഡോളുകളുമായിരുന്നു.
അതൊക്കെയും ഞാന്‍ നാട്ടിലേക്കു പോന്നപ്പോള്‍ കൊണ്ടു വന്നിരുന്നു.
എന്റെ കളക്ഷനില്‍ മാളവികക്കു ഏറെ ഇഷ്ടപ്പെട്ട ഒരു ടെഡ്ഡിബിയര്‍ ഒഴിച്ച്‌.
( അതു പോരുന്നതിന്റെ തൊട്ടു മുന്‍പത്തെ വെള്ളിയാഴ്ച്ച മാളവിക എന്റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അവള്‍ക്കു കൊടുത്തിരുന്നു).

എന്റെ പപ്പാന്റെ ബോസിന്റെ മകള്‍ എനിക്കു സമ്മാനിച്ചതായിരുന്നു അത്‌.
അതായിരുന്നു എനിക്കും എറ്റവും ഇഷ്ടപ്പെട്ടിരുന്നത്‌.
പുതിയ സ്കൂളിലും എനിക്കു നിങ്ങളെപ്പോലെ നല്ല കൂട്ടുകാരികളെ കിട്ടണേ എന്നാണു എന്റെ പ്രാര്‍ത്ഥന.
നല്ല മാര്‍ക്കു വാങ്ങാനും നല്ല കുട്ടിയാണെന്നു എല്ലാരെകൊണ്ടും പറയിക്കാനും എനിക്കു ഭാഗ്യമുണ്ടാവട്ടെ എന്നു നിങ്ങളും പ്രാര്‍ത്ഥിക്കണം.

ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത കൂട്ടുകാരികളോടുള്ള യാത്രചോദിക്കലാണിത്‌.
മെയ്‌ 24നു എല്ലാരെയും വീട്ടിലേക്കു വിളിക്കണമെന്നുണ്ടായിരുന്നു.
മുത്തുമ്മാക്കു സുഖമില്ലാതായതിനാല്‍ അതിനു പറ്റിയില്ല.

കമ്പ്യൂട്ടര്‍ ക്ലാസ്സിലെ ടീച്ചറോടു പറഞ്ഞു ഇടക്കിടക്കു എന്റെ ഈ ബ്ലോഗില്‍ നോക്കണം.
ടി.സി. വാങ്ങിക്കാന്‍ വന്നപ്പോള്‍ കുറച്ചു ടീച്ചേര്‍സിനെയെല്ലാം കണ്ടിരുന്നു.
യാത്ര ചോദിച്ചപ്പോള്‍ എനിക്കു ഒരു പാടു സങ്കടം വന്നു.
പ്രത്യേകിച്ചു ഹിന്ദി ടീച്ചറോട്‌.

എല്ലാര്‍ക്കും സമ്മാനിക്കാന്‍ മാത്രം 11 ടോയ്സ്‌ നിങ്ങള്‍ക്കായി ഇവിടെയുണ്ട്‌.
നിങ്ങളെ ആരെയും കാണുന്നില്ലങ്കിലും ഈ യാത്രപറയുമ്പോള്‍ എനിക്കു വീണ്ടും കണ്ണീരു വരുന്നുണ്ട്‌...



Tuesday, May 26, 2009

എക്കാലത്തേക്കും ...............!

Add Image
അന്ന്!

ഇടക്കൊക്കെ, കൊത്തിപ്പറിച്ച് !!



പലപ്പോഴും, തമ്മിൽ മത്സരിച്ച് !!

Add Image

അവസാനം ഒന്നിച്ചൊരു ലക്ഷ്യത്തിലേക്ക് !



എക്കാലത്തേക്കും ഓർത്തു വെക്കാൻ ...............!



Wednesday, May 20, 2009

യാത്ര



യാത്ര !
ജീവിത യാത്ര തുടങ്ങുന്നു.
കണ്ണു തെളിഞ്ഞില്ല !
വഴിയറിയില്ല !

Saturday, April 11, 2009

സസ്നേഹം നാഹിലക്ക്

കേരള മുഖ്യമന്ത്രിയുമായി T.V അവതാരകയുടെ ഫോണ്‍ ഇന്റര്‍വ്യൂ.

സംവിധായകന്‍ : ആക്ഷന്‍...!
പാശ്ചാതല ശബ്ദം. : ഫോണ്‍ മണി (ട്രിണീം..,ട്രിണീം..,ട്രിണീം.....!)

വാര്‍ത്താവതാരക : 'ഹലോ..ഹലോ..'

മുഖ്യമന്ത്രി : "ഹലോ.!",
"ആ....രാ...... ണു സംസാരിക്കുന്നത്‌?"

അവതാരക : "സാര്‍, ഞാന്‍ ക്വസ്റ്റ്യന്‍ റ്റി.വി.യില്‍ നിന്നുമാണു വിളിക്കുന്നത്‌!"

മുഖ്യമന്ത്രി : " വളരെ സന്‍... തോ... ഷം"

അവതാരക : "മുഖ്യമന്ത്രിയായ താങ്കളോടു വളരെ പ്രധാനപ്പെട്ട ചോദ്യം ചോദിച്ചോട്ടെ?".

മുഖ്യമന്ത്രി : "ചോ...ദി...ച്ചോ...ളൂ..!"

അവതാരക : നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പാവപ്പെട്ടവര്‍ക്കു അരിയും ടിവിയും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്‌. എന്തുകൊണ്ടു അങ്ങനെ ഒരു നല്ല പരിപാടി നമ്മുടെ കേരള സര്‍ക്കാറിനും നടപ്പാക്കികൂട?"

മുഖ്യമന്ത്രി : " എന്തിനാടോ അതിന്റെ ആ...വ....ശ്യം? അവിടന്നു കിട്ടിയ ടി.വിയും അരിയും വില്‍ക്കാന്‍ അവര്‍ കേരളത്തിലേക്കു വരുമ്പോള്‍ നമുക്ക്‌ അതു കുറഞ്ഞവിലക്കു വാങ്ങിയാല്‍ പോ...... രേ!"
ശുഭം.



നാഹിലാ..
ഇതായിരുന്നു പറയാന്‍ തയ്യാറാക്കിയിരുന്നത്‌,
പക്ഷെ !
അഴകിയരാവണനിലെ ഇന്നസെന്റിനെപ്പോലെ
"ഓരോ അരിയും പെറുക്കിക്കളഞ്ഞു ബാക്കി കല്ലു മാത്രമായി"
പറഞ്ഞു പറഞ്ഞു ഞാനും ശാബുവും കൊളമാക്കിയ ആ സ്കിറ്റിതാ ഇങ്ങനെ!
"തല്ലല്ലേ! എല്ലാം ഒരു തമാശക്കല്ലേ!"

Friday, April 3, 2009

രേഖാചിത്രം

ഹാപ്പി വെക്കേഷന്‍!
ഇല്യൂസ്ട്രേറ്ററില്‍ ചായം കൊടുത്തു പഠിക്കാന്‍ ഇതാ ഒരു രേഖാചിത്രം.
ചായം കൊടുത്തതിനു ശേഷം രണ്ടാമത്തെ ചിത്രമായി പോസ്റ്റു ചെയ്യുക.
സസ്നേഹം!
പപ്പ.


കളറിംഗ് ശരിയായില്ല. പപ്പാ !എന്നാലും പോസ്റ്റുന്നു.
സ്നേഹത്തോടെ
ശബി.

Sunday, January 25, 2009

ഞാനും എന്റെ കിങ്ങിണിയും

പണ്ടൊക്കെ പൂച്ചകൾ എലികളെ പിടിക്കാറുണ്ടായിരുന്നത്രേ!
സത്യം പറഞ്ഞാൽ ഞങ്ങൾ കുട്ടികൾക്കു ഇതു വിശ്വസിക്കാൻ വലിയ പ്രയാസമാണ്‌.എലിയെ ഓടിച്ചിട്ടു പിടിച്ചു തിന്നുന്നതു പോയിട്ടു അതിനെ ആരെങ്കിലും കൊന്നു മുന്നിലിട്ടു കൊടുത്താൽ പോലും അറപ്പു കാട്ടി തിരിഞ്ഞു നടക്കുന്ന പൂച്ചകളെയാണു ഞങ്ങൾ കാണാറുള്ളത്‌.
ഞങ്ങളുടെ വീട്ടിലും ഒരു പൂച്ചയുണ്ട്‌.
പേരു "കിങ്ങിണി".
പണ്ടു ഇതേ പേരില്‍ ഞങ്ങള്‍ക്കു ഒരു പൂച്ചയുണ്ടായരുന്നു. വളരെ നല്ലവന്‍.
ഇവൾ ഒന്നാം തരം സൂത്രശാലിനി
നല്ല തൂവെള്ള നിറത്തിലെ പഞ്ഞിരോമങ്ങളും ഭംഗിയുള്ള കണ്ണുകളും നോക്കി എല്ലാരും പറയും "സുന്ദരിപ്പൂച്ച" .
പറഞ്ഞിട്ടെന്താ കാര്യം !

തഞ്ചം കിട്ടിയാൽ തറയിൽ രണ്ടുകാലിലിരുന്നു മുൻകാലു കൊണ്ടു ഫ്രിഡ്ജിന്റെ വാതിൽ തുറന്നു ഉള്ളിലെ സാധനം കക്കും.
ആരുമില്ലാത്ത സമയം നോക്കി അനിയന്റെ അക്വേറിയത്തിലെ ഗോൾഡ്‌ഫിഷിനെ നോക്കി വെള്ളമിറക്കിയിരിക്കും. തഞ്ചം കിട്ടിയാൽ അതു താഴെ മറിച്ചിടാൻ നോക്കും.
എലികളെങ്ങാനും മുന്നിലൂടെ പാഞ്ഞാൽ കണ്ണുചിമ്മി, കാണാത്തപോലെ തല എതിർഭാഗത്തേക്കു തിരിക്കും.
ഈ മൃഗങ്ങളും ജന്തുക്കളും പക്ഷികളുമെല്ലാം മനുഷ്യന്മാരെ കണ്ടിട്ടാണത്രേ ഈ ചീത്ത സ്വഭാവങ്ങളൊക്കെ പഠിക്കുന്നത്‌.

മത്സ്യ-മാംസ പാചക ദൃശ്യങ്ങൾ കണ്ടാൽ ഉടനെ സോഫയിൽ വലിഞ്ഞു കയറി ടെലിവിഷനിൽ തന്നെ നോക്കിയിരിക്കുന്ന കിങ്ങിണിയെ കാണുമ്പോൾ അതു ശരിയാണെന്നെനിക്കും തോന്നിയിട്ടുണ്ട്‌.

ചിലപ്പോൾ മനുഷ്യർ മൃഗങ്ങളിൽ നിന്നും ചില വികൃതികൾ പഠിക്കാറുണ്ടത്രേ!
അനിയനോടു വഴക്കു കൂടുമ്പോൾ ഞാൻ അവസാനം എന്നും തോൽക്കാറാണു പതിവ്‌.
അപ്പോൾ കിങ്ങിണിപ്പൂച്ച ചെയ്യുന്നതു പോലെ അവന്റെ അക്വേറിയം താഴത്തിട്ടു പൊട്ടിക്കാൻ എനിക്കു തോന്നും.
പക്ഷെ നിലത്തു കിടന്നു പിടയുന്ന ഗോൾഡ്‌ഫിഷിനെ കാണേണ്ടി വരുമല്ലോ എന്നതാലോചിച്ചാൽ പിന്നെ എനിക്കു വലിയ വിഷമമാവും.
അതിനാൽ ഞാൻ അതു വേണ്ടെന്നു വെക്കും.

അനിയനു കടയിൽ നിന്നു സാധനം വാങ്ങിയതിൽ ബാക്കി കിട്ടിയ പൈസകൊണ്ടു രണ്ടു ചോക്കളേറ്റു വാങ്ങി അതിൽ നിന്നു ഒന്നെനിക്കു തരുമ്പോൾ,
ഞാൻ അവന്റെ അക്വേറിയം തട്ടിത്താഴത്തിടാൻ ഞാൻ ഇതു വരേ ചിന്തിച്ചിട്ടേ ഇല്ലാന്നും കരുതും. :)

Sunday, January 4, 2009

മയിലും കാക്കകളും


കാട്ടിൽ നിന്നൊരു മയിൽ വഴി തെറ്റി നാട്ടിലെത്തി.
അന്നുവരെ മയിലിനെ കാണാത്ത കുറേ കാക്കകൾ അത്ഭുതത്തോടെ നോക്കി നിന്നു.
ഭംഗിയുള്ള പീലികളും തലയിൽ കിരീടവും വർണ്ണത്തിളക്കമുള്ള ഉടലും നടത്തത്തിലെ നൃത്തഭാവവും എല്ലാം അവർക്കു വളരെ ഇഷ്ടപ്പെട്ടു.
പക്ഷെ ആരാധകർ കൂടിയപ്പോൾ മയിലിനു അഹങ്കാരവും കൂടി.
അവൻ പീലികൾ വിടർത്തി ചുവടുവെച്ചു അവരുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവൻ കാക്കകളെ വളരെ പുച്ഛത്തോടെയാണു നോക്കിയത്‌.
അവൻ ചിന്തിച്ചു.
തീരെ ഭംഗിയില്ലാത്ത ചിറകുകൾ.മുറി വാല്‌, നിറമാണെങ്കിലോ നരച്ച കറുപ്പു നിറം. ശബ്ദവും പരുപരുത്തത്‌.
ഈ കാക്കകൾ ഒരു നികൃഷ്ടജീവികൾ തന്നെ!

"കാക്കകളെ മാറി പോവിൻ?"
"എന്റെ മൂഡു കളയാതെ!"
കാക്കകളല്ലാം അപമാനിതരായി അവിടന്നു പറന്നു പോയി.
പക്ഷെ ഇതിനിടയിൽ ഒരു വേട്ടക്കാരൻ ആ മയിലെനെ കണ്ടു. അഹങ്കാരിയായ ആ മയിലാകട്ടെ വേട്ടക്കാരനെ കണ്ടതുമില്ല.
വേട്ടക്കാരൻ ഉന്നം നോക്കി വെടി വെച്ചതു ഭാഗ്യത്തിനു മയിലിന്റെ കാൽവിരലിലാണു കൊണ്ടത്‌.
എന്നിട്ടും മയിൽ മരത്തിൽ നിന്നു താഴെ വീണു.
മുറിവേറ്റു വീണ മയിൽ സഹായത്തിനായി വിളിച്ചു കൂവി.
"എന്നെ ആരെങ്കിലും ഒന്നു സഹായിക്കണെ!"
പറന്നു പോയ കാക്കകൾ ഈ കരച്ചിൽ കേട്ടു കൂട്ടത്തോടെ തിരിച്ചു വന്നു.
മയിലിനെ കൊല്ലാനാണു വേട്ടക്കാരന്റെ പദ്ധതിയെന്നവർ വേഗം മനസ്സിലാക്കി.
അതിനു മുൻപെ ആ വേട്ടക്കാരനെ ഒച്ചയുണ്ടാക്കിയും കൊത്തിയും ഓടിച്ചു.
വീണു കിടക്കുന്ന മയിലിന്റെ അടുത്തെത്തി അവനോടു പറഞ്ഞു
" നിനക്കു നല്ല ഭംഗിയുണ്ട്‌ കൂടെ അഹങ്കാരവും. പക്ഷെ നിനക്കു ഈ നാടു തീരെ സുരക്ഷിതമല്ല.
നിന്റെ ഭംഗിയുള്ള തൂവലുകളും രൂപവും എല്ലാം നിന്റെ ജീവനു തന്നെ ഭീഷണി തരുന്നവയാണ്‌. ഞങ്ങൾ വിരൂപരും കറുത്തവരും പരുപരുത്ത ഒച്ചയുള്ളവരുമാണ്‌ എങ്കിലും ഈ നാട്ടിൽ ജീവിക്കാൻ അവ ഞങ്ങൾക്കു സുരക്ഷിതത്ത്വം തരുന്നുണ്ട്‌.
ഈ നാടു നിനക്കു ജീവിക്കാൻ പറ്റിയതല്ല. നീ കാട്ടിലേക്കു തന്നെ മടങ്ങുന്നതാണു നല്ലത്‌. അവിടെയാണു നിനക്കു സുരക്ഷിതം.
മയിലിനു തന്റെ തെറ്റു മനസ്സിലായി.
അവൻ കാക്കകളോടു മാപ്പു പറഞ്ഞു കാട്ടിലേക്കു തന്നെ തിരിച്ചു പോയി.

Wednesday, November 19, 2008

ഹിന്ദി ക്ലാസ്സിലെ "ആയ"

ഞങ്ങളുടെ ഹിന്ദി ടീച്ചർ നല്ല തമാശക്കാരിയാണ്‌. തമാശ പറയുന്നതും കേൾക്കുന്നതും ടീച്ചർക്കു വളരെ ഇഷ്ടമാണ്‌.
അതിനാൽ ടീച്ചരുടെ ക്ലാസ്‌ ഞങ്ങൾക്കെല്ലാർക്കും വളരെ ഇഷ്ടമാണ്‌.
കഴിഞ്ഞാഴ്ച്ച ഞങ്ങളുടെ ഹിന്ദി ക്ലാസ്സിൽ ഒരു രസകരമായ ഒരനുഭവമുണ്ടായി.
ഹിന്ദി ടീച്ചർ ചോദിച്ചു.
"രാഷ്ടപതി കേരളാ മേം ആയി .." എന്നാണു പറയുന്നതു.
അതിനു കാരണമെന്ത്‌?
രാഷ്ടപതി എന്ന പുല്ലിംഗപദം ഉപയോഗിച്ചിട്ടും ഇപ്പോള്‍ ആ സ്ഥാനത്തിരിക്കുന്നത്‌ പ്രതിഭാപാട്ടീല്‍ എന്ന “സ്ത്രീ“ ആയതിനാൽ "ആയാ" എന്നു പറയാതെ "ആയി" എന്നു തന്നെയാണു ഉപയോഗിക്കേണ്ടത്‌ എന്നായിരുന്നു അവർ പ്രതീക്ഷിച്ച ഉത്തരം.
ഞങ്ങളെല്ലാരും തമാശ നിറഞ്ഞ ഒരുത്തരം ആലോചിക്കുകയായിരുന്നു.

"രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ "ആയ" എന്നു വിളിച്ചാൽ അവർക്കു അതിഷ്ടപ്പെട്ടില്ലങ്കിലോ എന്നു പേടിച്ചാവും!".
എന്റെ കൂട്ടുകാരി ചാടി എണീറ്റു പറഞ്ഞ ഈ ഉത്തരം കേട്ടു ക്ലാസ്സിലാകെ ചിരിയായിരുന്നു.

ഈ തമാശ ഞാൻ എന്റെ പപ്പയോടു ഫോണിൽ പറഞ്ഞപ്പോൾ പപ്പയും ഒരുപാടു ചിരിച്ചു.

സത്യമായിട്ടും ആ തമാശ ടീച്ചറോടു പറഞ്ഞതു ഞാനല്ല എന്നു എന്റെ പപ്പയോടു പലവട്ടം പറഞ്ഞിട്ടും പപ്പ അതു വിശ്വസിക്കുന്നില്ല. മാത്രമല്ല പപ്പ അതു എന്നെ ഒരു കഥാപാത്രമാക്കി ഈ കാർട്ടൂണാക്കി അയച്ചു തന്നു.




Monday, October 6, 2008

സുഹറാന്റെ മൈലാഞ്ചി

ഇന്നാണു തന്നെ കാണാന്‍ ആദ്യമായി സ്തീധനമൊന്നും വേണ്ടാത്ത ഒരു ചെറുക്കന്‍ വരുന്നത്‌ എന്നു കേട്ടപ്പോള്‍ സുഹറ സന്തോഷം ഉള്ളിലൊതുക്കി ഉമ്മറപ്പടിയില്‍ തന്നെ കാത്തുനിന്നു.
മുറ്റത്തു കാറിന്റെ ഒച്ച കേട്ടപ്പോള്‍ അവള്‍ നാണിച്ചു മുറിയിലേക്കോടി.
ജനലിലൂടെ അവള്‍ ചെറുക്കനെ കണ്ടു. നല്ല മൊഞ്ചുള്ള ചെറുക്കന്‍.
ഉമ്മ ചെറുക്കനെയും കൂട്ടി സുഹ്‌റാനെ കാണാന്‍ അകത്തേക്കു വന്നു.
അവളും അവനും തമ്മില്‍ കണ്ടു സംസാരിച്ചു പരസ്പരം ഇഷ്ടമായി.
സ്ത്രീധനമൊന്നുമില്ലാതെ ആ കല്യാണം ഉടന്‍ നടത്താന്‍ തീരുമാനിച്ചു.
കല്യാണത്തലേന്നു മൈലാഞ്ചിയുമിട്ടവള്‍ കൂടുതല്‍ മൊഞ്ചത്തിയായി. കൂട്ടുകാരികള്‍ ഒപ്പനപ്പാട്ടു പാടി കല്ല്യാണത്തിന്നു മികവേകി.
പെട്ടെന്നു പ്രതീക്ഷിക്കാതെ വരന്റെ വീട്ടില്‍ നിന്നൊരു വണ്ടി വന്നു നിന്നപ്പോള്‍ എല്ലാരും അങ്ങോട്ടോടി.
ആരോ പറഞ്ഞു.
"ചെറുക്കന്‍ ഒരു മണിക്കൂര്‍ മുന്നെ ഒരു വാഹനാപകടത്തില്‍ മരണപ്പെട്ടു"
സുഹ്‌റാക്കു പിന്നെ ഒന്നും ഓര്‍മ്മയില്ല.
മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയതവളറിഞ്ഞില്ല.
ഇരുമ്പു കമ്പിയുള്ള ജനലില്‍ പിടിച്ചു ദൂരേക്കു നോക്കിയപ്പോള്‍ ഇങ്ങോട്ടു ചൂണ്ടി നില്‍ക്കുന്ന "ഭ്രാന്താശുപത്രി" എന്ന ബോര്‍ഡു മാത്രം ചിലപ്പോള്‍ അവള്‍ക്കു വായിക്കാന്‍ കഴിയും.

Sunday, August 3, 2008

കാണാമറയത്ത്

Thursday, July 10, 2008