Sunday, January 4, 2009

മയിലും കാക്കകളും


കാട്ടിൽ നിന്നൊരു മയിൽ വഴി തെറ്റി നാട്ടിലെത്തി.
അന്നുവരെ മയിലിനെ കാണാത്ത കുറേ കാക്കകൾ അത്ഭുതത്തോടെ നോക്കി നിന്നു.
ഭംഗിയുള്ള പീലികളും തലയിൽ കിരീടവും വർണ്ണത്തിളക്കമുള്ള ഉടലും നടത്തത്തിലെ നൃത്തഭാവവും എല്ലാം അവർക്കു വളരെ ഇഷ്ടപ്പെട്ടു.
പക്ഷെ ആരാധകർ കൂടിയപ്പോൾ മയിലിനു അഹങ്കാരവും കൂടി.
അവൻ പീലികൾ വിടർത്തി ചുവടുവെച്ചു അവരുടെ മുന്നിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അവൻ കാക്കകളെ വളരെ പുച്ഛത്തോടെയാണു നോക്കിയത്‌.
അവൻ ചിന്തിച്ചു.
തീരെ ഭംഗിയില്ലാത്ത ചിറകുകൾ.മുറി വാല്‌, നിറമാണെങ്കിലോ നരച്ച കറുപ്പു നിറം. ശബ്ദവും പരുപരുത്തത്‌.
ഈ കാക്കകൾ ഒരു നികൃഷ്ടജീവികൾ തന്നെ!

"കാക്കകളെ മാറി പോവിൻ?"
"എന്റെ മൂഡു കളയാതെ!"
കാക്കകളല്ലാം അപമാനിതരായി അവിടന്നു പറന്നു പോയി.
പക്ഷെ ഇതിനിടയിൽ ഒരു വേട്ടക്കാരൻ ആ മയിലെനെ കണ്ടു. അഹങ്കാരിയായ ആ മയിലാകട്ടെ വേട്ടക്കാരനെ കണ്ടതുമില്ല.
വേട്ടക്കാരൻ ഉന്നം നോക്കി വെടി വെച്ചതു ഭാഗ്യത്തിനു മയിലിന്റെ കാൽവിരലിലാണു കൊണ്ടത്‌.
എന്നിട്ടും മയിൽ മരത്തിൽ നിന്നു താഴെ വീണു.
മുറിവേറ്റു വീണ മയിൽ സഹായത്തിനായി വിളിച്ചു കൂവി.
"എന്നെ ആരെങ്കിലും ഒന്നു സഹായിക്കണെ!"
പറന്നു പോയ കാക്കകൾ ഈ കരച്ചിൽ കേട്ടു കൂട്ടത്തോടെ തിരിച്ചു വന്നു.
മയിലിനെ കൊല്ലാനാണു വേട്ടക്കാരന്റെ പദ്ധതിയെന്നവർ വേഗം മനസ്സിലാക്കി.
അതിനു മുൻപെ ആ വേട്ടക്കാരനെ ഒച്ചയുണ്ടാക്കിയും കൊത്തിയും ഓടിച്ചു.
വീണു കിടക്കുന്ന മയിലിന്റെ അടുത്തെത്തി അവനോടു പറഞ്ഞു
" നിനക്കു നല്ല ഭംഗിയുണ്ട്‌ കൂടെ അഹങ്കാരവും. പക്ഷെ നിനക്കു ഈ നാടു തീരെ സുരക്ഷിതമല്ല.
നിന്റെ ഭംഗിയുള്ള തൂവലുകളും രൂപവും എല്ലാം നിന്റെ ജീവനു തന്നെ ഭീഷണി തരുന്നവയാണ്‌. ഞങ്ങൾ വിരൂപരും കറുത്തവരും പരുപരുത്ത ഒച്ചയുള്ളവരുമാണ്‌ എങ്കിലും ഈ നാട്ടിൽ ജീവിക്കാൻ അവ ഞങ്ങൾക്കു സുരക്ഷിതത്ത്വം തരുന്നുണ്ട്‌.
ഈ നാടു നിനക്കു ജീവിക്കാൻ പറ്റിയതല്ല. നീ കാട്ടിലേക്കു തന്നെ മടങ്ങുന്നതാണു നല്ലത്‌. അവിടെയാണു നിനക്കു സുരക്ഷിതം.
മയിലിനു തന്റെ തെറ്റു മനസ്സിലായി.
അവൻ കാക്കകളോടു മാപ്പു പറഞ്ഞു കാട്ടിലേക്കു തന്നെ തിരിച്ചു പോയി.

3 comments:

കരീം മാഷ്‌ said...

Good Story
I like it.

siva // ശിവ said...

കൊച്ചു കുട്ടികളെ വായിച്ചു കേള്‍പ്പിക്കാന്‍ അനുയോജ്യമായ കഥ.....

ഒറ്റയാന്‍ said...

കുട്ടിത്തം നിറഞ്ഞ നല്ലൊരു കഥ. വീണ്ടും എഴുതൂ...ഒരുപാടു വായിക്കൂ. ആശംസകള്‍.